നാദാപുരം: ഓപറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരവുമായി യുവാവ് എക്സൈസ് പിടിയിൽ. എടച്ചേരി കായ്പനച്ചി സ്വദേശി വരയത്ത് താഴെ കുനിയിൽ വി.ടി.കെ. സന്ദീപ് (36) നെയാണ് നാദാപുരം എക്സൈസ് ഇൻസ്പെക്ടർ സി. സെന്തിൽ കുമാറും സംഘവും പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച്ച ഉച്ചയോടെ പ്രതിയുടെ വീടിന് സമീപത്തെ ഷെഡിൽ നടത്തിയ പരിശോധനയിലാണ് 60 കിലോയിലേറെ തൂക്കം വരുന്ന 5000 പാൻ മസാല പാക്കറ്റുകൾ കണ്ടെത്തിയത്.
സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് പ്രതി പാൻമസാല വിൽപന നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. മൈസൂരിൽ നിന്ന് ഇളനീർ കയറ്റി വരുന്ന ലോറിയിൽ ഇളനീരുകൾക്ക് അടിയിൽ സൂക്ഷിച്ചാണ് ലഹരിക്കടത്ത് നടത്തിയിരുന്നത്.മൂന്ന് ലക്ഷത്തിലേറെ വിപണി വിലയുള്ള 5000 പാക്കറ്റ് പാൻ മസാല ശേഖരമാണ് യുവാവിൽ നിന്ന് നാദാപുരം എക്സൈസ് കണ്ടെത്തിയത്.